2 Chronicles 14

1അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന് പകരം രാജാവായി. അവന്റെ കാലത്ത് ദേശത്ത് പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി. 2ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയായതും ചെയ്തു. 3അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു, 4യെഹൂദയോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

5അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു. 6യഹോവ അവന് വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന് യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.

7അവൻ യെഹൂദ്യരോട്: “നാം ഈ പട്ടണങ്ങൾ പണിത് അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ നാലുചുറ്റും നമുക്ക് വിശ്രമം നല്കയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ പട്ടണം പണികയും അഭിവൃദ്ധി പ്രാപിക്കയും ചെയ്തു. 8ആസെക്ക് പരിചയും കുന്തവും ധരിച്ച മൂന്നുലക്ഷം യെഹൂദ്യരും പരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായ രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും സൈന്യത്തിൽ ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.

9അനന്തരം എത്യോപ്പക്കാരൻ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ട് മാരേശാ വരെ വന്നു. 10ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ യുദ്ധത്തിനായി അണിനിരന്നു. 11ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: “യഹോവേ, ബലവാനും ബലഹീനനും തമ്മിൽ യുദ്ധം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടു വന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ” എന്നു പറഞ്ഞു.

12അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്ക്കുമാറാക്കി; അവർ ഓടിപ്പോയി. 13ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; എത്യോപ്യർ പൂർണമായി പരാജയപ്പെട്ടു; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ള വസ്തുക്കൾ എടുത്തു കൊണ്ടുപോന്നു. 14അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെ മേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു. അവർ നാല്ക്കാലികളുടെ കൂടാരങ്ങളും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ച് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

15

Copyright information for MalULB